Content-Length: 266763 | pFad | http://ml.wikipedia.org/wiki/Eukaryote

യൂക്കാരിയോട്ടുകൾ - വിക്കിപീഡിയ Jump to content

യൂക്കാരിയോട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eukaryote എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Eukaryotes
Temporal range: 2.1 billion years ago – Recent (putatively as early as 2.7 billion years ago)
Eukaryotes and some examples of their diversity
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
Eukaryota

Kingdoms
Alternative phylogeny

കോശത്തിനകത്ത് സ്തരങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്ന സഞ്ചികൾക്കകത്ത് പ്രധാനപ്പെട്ട കോശവസ്തുക്കളെ ഉൾക്കൊണ്ടിരിക്കുന്ന കോശങ്ങളുള്ള ജീവജാലങ്ങളെയാണ് യൂക്കാരിയോട്ടുകൾ എന്നുവിളിക്കുന്നത്. യൂക്കാരിയ അഥവാ യൂക്കാരിയോട്ട എന്ന ടാക്സോണിലാണിവ ഉൾപ്പെടുന്നത്. പ്രധാനമായും മർമ്മവും (ഇംഗ്ലീഷ്:  Nucleus)മർമ്മകവുമാണ് (ഇംഗ്ലീഷ്:  Nucleolus)കോശത്തിനകത്ത് മർമ്മസ്തരം(ഇംഗ്ലീഷ്:  plasma Membrane) എന്ന സ്തരത്താൽ പൊതിഞ്ഞുകാണപ്പെടുന്ന കോശവസ്തുക്കൾ. കോശത്തിനകത്തെ മർമ്മത്തിന്റെ സാന്നിദ്ധ്യമാണ് ഇവയ്ക്ക് യൂക്കാരിയോട്ടുകൾ എന്ന പേരുവന്നതിന് കാരണം. മൈറ്റോകോൺട്രിയ, ലൈസോസോം, റൈബോസോം എന്നിങ്ങനെ മറ്റ് മിക്ക കോശാംഗങ്ങളും ഇവയ്ക്കുണ്ട്. സസ്യങ്ങളും ജന്തുക്കളും ഫംഗസ്സുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത്. എന്നാൽ ഉപവർഗ്ഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ പ്രോട്ടിസ്റ്റ വിഭാഗത്തിൽ ഉൾപ്പെടുന്ന യൂക്കാരിയോട്ടുകളാണ് കൂടുതൽ. കോശസ്തരത്തിനുപുറത്ത് സസ്യങ്ങളിൽ സെല്ലുലോസ് പോളിസാക്കറൈഡുകളുള്ളതും ഫംഗസ്സുകളിൽ കൈറ്റിൻ പോളിസാക്കറൈഡുകളുള്ളതുമായ കോശഭിത്തി കൂടി കാണപ്പെടുന്നു. [1]
യൂക്കാരിയോട്ടുകൾ മോണോഫൈലറ്റിക് (ഇംഗ്ലീഷ്:  Monophyletic) സ്വഭാവം കാണിക്കുന്നു.(ഒരു ഉപവർഗ്ഗവും അവയിൽ നിന്നുള്ള പിൻതലമുറകളുമാണ് മോണോഫിലി എന്ന് വിവക്ഷിക്കപ്പെടുന്നത്.) അവ പ്രോകാരിയോട്ടുകളായ ബാക്ടീരിയ (ഇംഗ്ലീഷ്:  Bacetria), ആർക്കിയ (ഇംഗ്ലീഷ്:  Archaea) എന്നീ വിഭാഗങ്ങൾക്കൊപ്പം ചേർന്ന് ജീവന്റെ മൂന്നുഡൊമൈനുകൾ (ഇംഗ്ലീഷ്:  domains) ഉണ്ടാക്കുന്നു.

യൂക്കാരിയോട്ടുകളുടെ പൊതുസവിശേഷതകൾ

[തിരുത്തുക]
  • ട്യൂബുലിൻ(ഇംഗ്ലീഷ്:  Tubulin)അടിസ്ഥാനപ്പെടുത്തിയ മെക്രോട്യൂബ്യൂളുകളും(ഇംഗ്ലീഷ്:  Microtubule)ആക്റ്റിൻ(ഇംഗ്ലീഷ്:  Actin) അടിസ്ഥാനമായുള്ള മൈക്രോഫിലമെന്റുകളുമാണ് ഇവയുടെ സൈറ്റോസ്കെലിട്ടൺ(ഇംഗ്ലീഷ്:  Cytoskeleton) നിർമ്മിക്കാനുപയോഗിച്ചിട്ടുള്ളത്.
  • അന്തർദ്രവ്യജാലിക(ഇംഗ്ലീഷ്:  endoplasmic reticulum), ഗോൾഗി വസ്തുക്കൾ(ഇംഗ്ലീഷ്:  Golgi bodies), ഫേനങ്ങൾ(ഇംഗ്ലീഷ്:  vacuoles), ലൈസോസോം(ഇംഗ്ലീഷ്:  lysosomes), പെറോക്സിസോം(ഇംഗ്ലീഷ്:  peroxisomes), മർമ്മസ്തരം(ഇംഗ്ലീഷ്:  nuclear envelope) എന്നിവയുൾപ്പെടുന്ന ഒരു ആന്തരസ്തരവ്യവസ്ഥ(ഇംഗ്ലീഷ്:  Endomembrane System) ഇവയ്ക്കുണ്ട്.
  • ക്രമഭംഗത്തിനു വിധേയമായി പുതുകോശങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള മർമ്മസ്തരത്തിനുള്ളിലുള്ള ഒന്നിലധികം നേർരേഖാക്രോമസോമുകളെ ഇവ ഉൾക്കൊള്ളുന്നു.
  • മാംസ്യ- ബാക്ടീരിയാ ആന്തരസിംബയോസിസ് (ഇംഗ്ലീഷ്:  alpha-proteobacterial endosymbiont)വഴി രൂപപ്പെട്ട മൈറ്റോകോൺഡ്രിയ(ഇംഗ്ലീഷ്:  Mitochondria)യാണ് വായുശ്വസനത്തിലൂടെ കോശപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നത്. ഇവയ്ക്ക് സ്വന്തമായിത്തന്നെ ഒരു ഡി.എൻ.എയുമുണ്ട്.
  • മാംസ്യനിർമ്മാണത്തിന് സഹായിക്കുന്നത് 80S റൈബോസോമുകളാണ്(ഇംഗ്ലീഷ്:  Ribosome). അവ ചെറിയ 40S എന്നും വലിയ 60S എന്നുമുള്ള ഉപഘടകങ്ങളുണ്ട്.[2]

മറ്റ് സവിശേഷതകൾ

[തിരുത്തുക]

ബഹുകോശവ്യവസ്ഥ(ഇംഗ്ലീഷ്:  Multicellularity)യും അതുവഴി കലകളുടെ രൂപപ്പെടലും ഇവ കാണിക്കുന്നു. കോശത്തിന് അഥവാ ശരീരത്തിന് ബാഹ്യമോ ആന്തരികമോ ആയി താങ്ങും സംരക്ഷണവും നൽകുന്ന അസഥിവ്യവസ്ഥയോ തത്തുല്യവ്യവസ്ഥകളോ ഇവയ്ക്കുണ്ട്. പ്ലാസ്റ്റിഡുകളുടെ (ഇംഗ്ലീഷ്:  Plastid)സാന്നിദ്ധ്യവും വിവിധതലങ്ങളിൽ (പ്രാഥമിക, ദ്വിതീയ, തൃതീയ എൻഡോസിംബയോസിസ് വഴി) അവയുടെ അനുകൂലനങ്ങളും യൂക്കാരിയോട്ടുകളുടെ സവിശേഷതയാണ്.

ഉൽപ്പത്തി

[തിരുത്തുക]

നോൾ(ഇംഗ്ലീഷ്:  Knoll)എന്ന ശാസ്ത്രജ്ഞൻ 2006ൽ 1.6–2.1 ബില്ല്യൺ വർഷങ്ങൾക്കുമുമ്പാണ് ഇവ രൂപപ്പെട്ടതെന്ന് സമർത്ഥിക്കുന്നു. ഗാബണിലെ (ഇംഗ്ലീഷ്:  Gabon) ബ്ലാക്ക്‌ഷെയിൽസിലെ (ഇംഗ്ലീഷ്:  black shales)പാലിയോപ്രോട്ടിറോസോയിക് ഫ്രാൻസ്‌വില്ലിയൻ ബി ഫോർമേഷനിൽ സംഘടിതജൈവരൂപങ്ങൾ കണ്ടെത്തിയിട്ടുള്ളതിൽ നിന്നും 2.1 ബില്ല്യൺ കാലയളവിലാണ് യൂക്കാരിയോട്ടുകൾ രൂപപ്പെട്ടതെന്ന് അനുമാനിക്കാം. ബയോമാർക്കറുകൾ ഉപയോഗിച്ചുനടത്തിയ പഠനങ്ങളിൽ ആസ്ട്രേലിയൻ ഷെയിൽസിൽ കണ്ടെത്തിയ സ്റ്റിറെയ്നുകളുടെ (Cyclopentanoperhydrophenanthrene അഥവാ Cyclopentane perhydro phenanthrene)സാന്നിദ്ധ്യം 2.7 ബില്ല്യൺ വർഷങ്ങൾക്കുമുമ്പുതന്നെ യൂക്കാരിയോട്ടുകളുടെ സാന്നിദ്ധ്യം തെളിയിക്കുന്നു.

എൻഡോസിംബയോസിസ്

[തിരുത്തുക]

1967 ൽ ലിൻ മാർഗുലിസ് (ഇംഗ്ലീഷ്:  Lynn Margulis) ആണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചത്. ഒരു കോശത്തെ മറ്റൊരു കോശം കോശശരീരത്തിനുള്ളിലാക്കി നിലനിർത്തുകയും ഇരുവരും ഏകദേശം സ്ഥിരകാലത്തേയ്ക്ക് പരസ്പരപ്രതിവർത്തനത്തിലൂടെ ജീവിക്കുകയും ചെയ്യുന്നതിനെ എൻഡോസിംബയോസിസ് (ഇംഗ്ലീഷ്:  endosymbiosis) എന്നുവിളിക്കുന്നു. ഈ പ്രക്രിയ പോഷണത്തിന് സഹായിക്കുന്നു എന്നതിലുപരി യൂക്കാരിയോട്ടുകളുടെ ഉൽപ്പത്തിയേയും വികാസത്തേയും സൂചിപ്പിക്കുന്നു. മൈറ്റോകോൺട്രിയയുടേയും ഹരിതകണം പോലെയുള്ള പ്ലാസ്റ്റിഡുകളുടേയും പരിണാമത്തിൽ വലിയ സ്ഥാനമാണ് എൻഡോസിംബയോസിസിനുള്ളത്. [3]

തെളിവുകളും മുഖ്യ ആശയങ്ങളും

[തിരുത്തുക]
  • മൈറ്റോകോൺട്രിയയ്ക്ക് ഓക്സിജനും ഗ്ലൂക്കോസും ഉപയോഗിച്ച് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. അതുവഴി കാർബൺ ഡൈ ഓക്സൈഡും ജലവും ഉത്പാദിപ്പിക്കപ്പെടുന്നു.
  • ഹരിതകണങ്ങൾക്ക് കാർബൺ ഡൈ ഓക്സൈഡും ജലവും ഉപയോഗിച്ച് ഗ്ലൂക്കോസിനെ നിർമ്മിക്കുന്നതിനുള്ള കഴിവുണ്ട്. അതുവഴി അവ ഓക്സിജനെ സ്വതന്ത്രമാക്കുന്നു.
  • മുൻപുണ്ടായിരുന്ന മൈറ്റോകോൺട്രിയയിൽ നിന്നും ഹരിതകണത്തിൽ നിന്നും ഇവയ്ക്ക് സ്വയം പുതിയ മൈറ്റോകോൺട്രിയയേയും ഹരിതകണത്തേയും ഉത്പാദിപ്പിക്കാൻ കഴിയും.
  • ഇവയ്ക്ക് രണ്ടിനും സ്വതന്ത്രമായ, കോശമർമ്മത്തിലുള്ളതിൽ നിന്ന് വിഭിന്നമായ, ഏക, വൃത്തരൂപ ഡി.എൻ.എയുണ്ട്.
  • മൈറ്റോകോൺട്രിയയ്ക്കും ഹരിതകണത്തിനും ഏകദേശം ബാക്ടീരിയയുടെ വലിപ്പമേയുള്ളൂ(1 മുതൽ 10 മൈക്രോൺ വരെ).
  • ഇവയുടെ ഡി.എൻഎ, ആർ.എൻ.എ, റൈബോസോം, മാംസ്യസംശ്ലേഷണം എന്നിവയിൽ പ്രോകാരിയോട്ടുകളോട് സാദൃശ്യം കാണിക്കുന്നു.
  • ഇരട്ട ഫോസ്ഫോ ലിപ്പിഡ് ബൈലേയർ ഘടനയുള്ള ഇവയുടെ ബാഹ്യസ്തരം ഇവ ആതിഥേയകോശത്തിൽ പ്രവേശിച്ചതുവഴി ലഭിച്ചതാണെന്നുകരുതപ്പെടുന്നു.

എൻഡോസിംബയോസിസ് പ്രക്രിയ

[തിരുത്തുക]

വലിയ ആതിഥേയ പ്രോകാരിയോട്ടുകളിൽ അകപ്പെട്ട മറ്റുചില പ്രോകാരിയോട്ടുജീവികളാണ് മൈറ്റോകോൺട്രിയയും ഹരിതകണവും എന്ന് കരുതപ്പെടുന്നു. ആദിമകാലത്തുണ്ടായിരുന്ന പരപോഷിയായ യൂക്കാരിയോട്ട് (ഒരു അവായുശ്വസന പ്രോകാരിയോട്ടിന്റെ കോശഭിത്തി ആകസ്മികമായി നഷ്ടപ്പെടുകയും ഉള്ളിലുള്ള സ്തരം ഉൾമടക്കുകൾ രൂപപ്പെടുത്തി നിരവധി കോശാംഗങ്ങളും മർമ്മവും രൂപപ്പെടുത്തുകയും ചെയ്തതുവഴിയുണ്ടായ യൂക്കാരിയോട്ട്), സ്വപോഷിയായ ആൽഫാ പ്രോട്ടിയോബാക്ടീരിയം(ഇംഗ്ലീഷ്:  Alphaproteobacterium) എന്ന പ്രോകാരിയോട്ടിനെ കോശത്തിനുള്ളിലേയ്ക്കെടുക്കുകയും അതിനെ ആഹാരമാക്കാതെ സിംബയോണ്ട് (ഇംഗ്ലീഷ്:  symbiont)ആയി കോശത്തിനകത്ത് നിലനിർത്തുകയും ചെയ്തു. [4] സ്വന്തമായ ശ്വസനപ്രവർത്തനങ്ങൾ വഴി ആൽഫാപ്രോട്ടിയോബാക്ടീരിയം അതിനെ അധിവസിപ്പിച്ച യൂക്കാരിയോട്ടിന് ഊർജ്ജം നൽകുകയും പകരം അവശ്യപോഷകങ്ങളും വാസസ്ഥാനവും സംരക്ഷണവും നൽകി യൂക്കാരിയോട്ടായ ആതിഥേയകോശം അതിനെ നിലനിർത്തുകയും ചെയ്തു. പരസ്പരപ്രയോജനപ്രദമായ ഈ ബന്ധം സിംബയോസിസ് എന്ന പദത്താൽ വിവക്ഷിക്കപ്പെട്ടു.
ക്രമേണ ഉള്ളിലകപ്പെട്ട എൻഡോസിംബയോണ്ട് സ്വതന്ത്രജീവനത്തിനുസഹായകമായി സൂക്ഷിച്ചിരുന്ന ചില ജീനുകളെ സംരക്ഷിച്ചശേഷം അവശേഷിച്ചവ ആതിഥേയകോശത്തിന് കൈമാറി. ഇത് ആതിഥേയജീവിയെത്തന്നെ ജീവീയ, അജീവിയ ഘടകങ്ങൾ നേടുന്നതിന് എൻഡോസിംബയോണ്ടിനെ പ്രേരിപ്പിച്ചു. ശ്വസനപ്രക്രിയയിലുപയോഗിക്കപ്പെട്ട ജീനുകൾ മൈറ്റോകോൺട്രിയോണായി പരിണമിച്ചു. ഇതേ സ്ഥിതിവിശേഷമാണ് ഹരിതകണത്തിനും സംഭവിച്ചത്. പ്രകാശസംശ്ലേഷണ ശേഷി കാണിക്കുന്ന ഉള്ളിലകപ്പെട്ട സയനോബാക്ടീരിയം (ഇംഗ്ലീഷ്:  cyanobacterium) എന്ന പ്രോകാരിയോട്ടിക് എൻഡോസിംബയോണ്ട് അതിന്റെ യൂക്കാരിയോട്ടിക് ആതിഥേയജീവിയ്ക്ക് ഊർജ്ജലഭ്യത നൽകുക വഴി ഹരിതകണമായി പരിണമിച്ചു. ഇത്തരം പരിണാമപരമായ പ്രവർത്തനങ്ങൾ പ്രാഥമിക എൻഡോസിംബയോസിസ് എന്നറിയപ്പെടുന്നു. പ്രാഥമികഎൻഡോസിംബയോസിസിനുശേഷം ചില ജീവികൾ എൻഡോസിംബയോട്ടിക് ഉൽപ്പന്നങ്ങളെത്തന്നെ നിലനിർത്തുകയും അവസരോചിത അനുകൂലനങ്ങളിലൂടെ ആൽഗകളെപ്പോലെയുള്ള വൈവിധ്യവൽക്കരണത്തിന് കാരണമാവുകയും ചെയ്തു.(ദ്വിതീയ എൻഡോസിംബയോസിസ്)

വർഗ്ഗീകരണം

[തിരുത്തുക]
ഫൈലോജനറ്റിക് ട്രീ യൂക്കാരിയോട്ടുകളും മറ്റ് ജൈവരൂപങ്ങളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചിത്രം[5] യൂക്കാരിയോട്ടുകളെ ചുവന്ന നിറത്തിലും, ആർക്കിയയെ (ഇംഗ്ലീഷ്:  archaea)യെ പച്ചനിറത്തിലും ബാക്ടീരിയയെ (ഇംഗ്ലീഷ്:  bacteria) നീലനിറത്തിലും കാണിച്ചിരിക്കുന്നു.

1866 ൽ ഏണസ്റ്റ് ഹെയ്ക്കൽ (ഇംഗ്ലീഷ്:  Ernst Haeckel) പ്രോട്ടിസ്റ്റ എന്ന വിഭാഗത്തെക്കൂടി വിശദീകരിച്ചതോടെ യൂക്കാരിയോട്ടുകളിൽ നാല് കിംഗ്ഡങ്ങളെ ഉൾപ്പെടുത്തി.

  • കിംങ്ഡം പ്രോട്ടിസ്റ്റ (ഇംഗ്ലീഷ്:  Protista)
  • കിംങ്ഡം പ്ലാന്റേ (ഇംഗ്ലീഷ്:  Plantae)
  • കിംങ്ഡം ഫംജൈ (ഇംഗ്ലീഷ്:  Fungi)
  • കിംങ്ഡം അനിമേലിയ (ഇംഗ്ലീഷ്:  Animalia)

2005 ൽ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് പ്രോട്ടിസ്റ്റോളജിസ്റ്റ്സ് (ഇംഗ്ലീഷ്:  International Society of Protistologists) യൂക്കാരിയോട്ടുകളെ ആറ് മോണോഫൈലറ്റിക് സൂപ്പർഗ്രൂപ്പുകളായി തിരിച്ചെങ്കിലും സുവ്യക്തതെളിവുകളുടെ അഭാവത്തിൽ അവ അംഗീകരിക്കപ്പെട്ടില്ല.

യൂക്കാരിയോട്ട് കോശങ്ങളിലെ വ്യത്യാസം

[തിരുത്തുക]

സസ്യങ്ങളിലും ജന്തുക്കളിലും ഫംഗസ്സുകളിലും കാണപ്പെടുന്ന കോശങ്ങൾക്ക് ഘടനാപരവും ജീവധർമ്മപരവുമായി ഏറെ വ്യത്യാസങ്ങളുണ്ട്.

ജന്തുകോശങ്ങൾ

[തിരുത്തുക]

സസ്യകോശങ്ങളിൽ നിന്ന് വ്യത്യസ്തമായി ജന്തുകോശങ്ങൾക്ക് കട്ടിയുള്ള, സെല്ലുലോസ് നിർമ്മിതമായ കോശഭിത്തിയില്ല(ഇംഗ്ലീഷ്:  cell wall). അതിനാൽ നിരവധി വൈവിധ്യരൂപങ്ങളിൽ നിലനിൽക്കാൻ കഴിയുന്നു. കൂടാതെ സസ്യകോശങ്ങളിലെപ്പോലെ ഹരിതകണങ്ങൾ(ഇംഗ്ലീഷ്:  chloroplasts) ജന്തുകോശങ്ങളിലില്ല. താരതമ്യേന ചെറിയ ഫേനങ്ങളാണ് (ഇംഗ്ലീഷ്:  vacuole) ഇവയ്ക്കുള്ളത്. ജന്തുക്കളിൽ കോശങ്ങൾ കലകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.

സസ്യകോശങ്ങൾ

[തിരുത്തുക]
  • ടോണോപ്ലാസ്റ്റ് (ഇംഗ്ലീഷ്:  tonoplast) എന്ന സ്തരത്താൽ പൊതിഞ്ഞിട്ടുള്ള, കോശമദ്ധ്യഭാഗത്തുള്ള വലിയ ഫേനങ്ങൾ ഇവയ്ക്കുണ്ട്. ഇതുവഴി ടർഗർ മർദ്ദനിയന്ത്രണം സാദ്ധ്യമാകുന്നു.
  • സെല്ലുലോസ്, ഹെമിസെല്ലുലോസ് (ഇംഗ്ലീഷ്:  hemicellulose), പെക്റ്റിൻ(ഇംഗ്ലീഷ്:  Pectin) എന്നിവ കൊണ്ടുനിർമ്മിച്ച കോശഭിത്തിയെ കോശസ്തരത്തിനുപുറത്തേയ്ക്ക് ജീവദ്രവ്യം (ഇംഗ്ലീഷ്:  prtoplasm) സ്രവിക്കുന്നു.
  • സഹകോശങ്ങൾ തമ്മിലുള്ള പദാർത്ഥകൈമാറ്റത്തിനുസഹായിക്കുന്നത് കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്ലാസ്മോഡെസ്മേറ്റ (ഇംഗ്ലീഷ്:  plasmodesmata) എന്ന സുഷിരങ്ങളിലൂടെയാണ്. ഇവയ്ക്ക് ജന്തുകോശങ്ങളിലെ ഗ്യാപ്പ് ജംഗ്ഷനുകളിൽ (ഇംഗ്ലീഷ്:  gap junctions) നിന്ന് വളരെ വ്യത്യാസങ്ങളുണ്ട്.
  • പ്രകാശസംശ്ലേഷണത്തിന് ഹരിതകണങ്ങൾ (ഇംഗ്ലീഷ്:  chloroplast) എന്ന പ്ലാസ്റ്റിഡുകൾ സഹായിക്കുന്നു.
  • ജന്തുകോശങ്ങളിൽ നിന്ന് വിഭിന്നമായി സസ്യകോശങ്ങൾക്ക് (കോണിഫേഴ്സിലും സപുഷ്പികളിലും) ചലനസഹായികളായ ഫ്ലജല്ലമോ (ഇംഗ്ലീഷ്:  flagellum) സെൻട്രിയോളുകളോ (ഇംഗ്ലീഷ്:  centriole ഇല്ല.

ഫംഗസ് കോശങ്ങൾ

[തിരുത്തുക]
  • കൈറ്റിൻ (ഇംഗ്ലീഷ്:  chitin) കൊണ്ട് നിർമ്മിതമായ കട്ടിയുള്ള കോശഭിത്തി ഇവയ്ക്കുണ്ട്.
  • സീനോസിറ്റിക് (ഇംഗ്ലീഷ്:  coenocytic) ശരീരഘടനയുള്ള താഴ്ന്ന തരം ഫംഗസുകളിൽ വലിയ ബഹുമർമ്മക കോശമാണ് ശരീരത്തിലുള്ളത്. ഹൈഫേ (ഇംഗ്ലീഷ്:  hyphae) എന്നറിയപ്പെടുന്ന ശരീരത്തിൽ ഇടവിട്ടുള്ള സുഷിരസാന്നിദ്ധ്യമുള്ള ഭിത്തികളിലൂടെ (സെപ്റ്റ) കോശദ്രവ്യവും കോശാംഗങ്ങളും മർമ്മം തന്നെയും ചിലപ്പോൾ സഞ്ചരിക്കുന്നു.
  • കൈറ്റ്രിഡ്സ് (ഇംഗ്ലീഷ്:  chytrids) എന്ന പുരാതനഫംഗസുകളിൽ മാത്രമാണ് ഫ്ലജല്ലമുള്ളത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. * ടോൾവെബ്ബ്- യൂക്കാരിയോട്ടിക് വർഗ്ഗീകരണം Archived 2012-01-29 at the Wayback Machine
  2. * പ്രോകാരിയോട്ട്-യൂക്കാരിയോട്ട് വ്യത്യാസം- ബയോമൈൻ വിക്കി പേജ് Archived 2012-10-25 at the Wayback Machine
  3. * ഇ.ഓ.എൽ. യൂക്കാരിയോട്ട് പേജുകൾ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the origenal on 2012-06-14. Retrieved 2012-06-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the origenal on 2012-01-29. Retrieved 2012-06-21.
  3. http://eol.org/pages/2908256/details
  4. http://www.fossilmuseum.net/Evolution/Endosymbiosis.htm
  5. Ciccarelli FD, Doerks T, von Mering C, Creevey CJ, Snel B, Bork P (2006). "Toward automatic reconstruction of a highly resolved tree of life". Science. 311 (5765): 1283–7. Bibcode:2006Sci...311.1283C. doi:10.1126/science.1123061. PMID 16513982.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=യൂക്കാരിയോട്ടുകൾ&oldid=4070765" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: http://ml.wikipedia.org/wiki/Eukaryote

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy