Content-Length: 267938 | pFad | http://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%82

അക്ഷരം - വിക്കിപീഡിയ Jump to content

അക്ഷരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വശങ്ങളിൽ പുരാതന ഗ്രീക്ക് ലിപികൾ രേഖപ്പെടുത്തിയിട്ടുള്ള ഒരു കളിമൺപാത്രം

അക്ഷരം എന്നത് അക്ഷരമാലയിൽ അധിഷ്ഠിതമായ ലേഖനരീതിയിൽ ഉപയോഗിക്കുന്ന കണികയാണ്. ഓരോ അക്ഷരവും അതിന്റെ വാച്യരൂപത്തിൽ ഒന്നോ രണ്ടോ സ്വന ഉൾപ്പെടുന്നതായിരിക്കും. അക്ഷരങ്ങൾ ചേർന്ന് വാക്കുകൾ ഉണ്ടാകുന്നു. നിർവചിക്കപ്പെട്ടിട്ടില്ലാത്ത വാക്കുകൾ അക്ഷരങ്ങളാൽ രൂപപ്പെടുത്തിയെടുക്കാവുന്നതാണ്. നിർവ്വചനങ്ങൾ ഉണ്ടെങ്കിൽ വാക്കുകൾക്ക് അർത്ഥം ലഭിക്കുന്നു. വാക്കുകൾ ലിപിക്ക് അനുസൃതമായി എഴുതുമ്പോൾ ആശയവിനിമയത്തിനുള്ള ഉപാധിയായി മാറുന്നു.

സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണമോ വർണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം. ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം) അനുസരിച്ച് വ്യഞ്ജനത്തോടു കൂടിയതോ അനുസ്വാരത്തോടു കൂടിയതോ ആയ വർണമാണ് അക്ഷരം. ഇംഗ്ളീഷിൽ ഇതിനെ 'സിലബിൾ' (syllable) എന്നു പറയുന്നു.

അക്ഷരവും വർണ്ണവും

[തിരുത്തുക]

നവീനഭാഷാശാസ്ത്രപ്രകാരം ധ്വനി അല്ലെങ്കിൽ സ്വനം (phone), വർണ്ണം/സ്വനിമം (phoneme), ധ്വനിഭേദം/ഉപസ്വനം (allophone), അക്ഷരം (syllable) എന്നിവയാണു് ഭാഷണശബ്ദമൂലകങ്ങൾ. ഏറ്റവും ചെറിയ ഭാഷാ ഏകകം ധ്വനി, അർത്ഥഭേദമുണ്ടാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഏകകം വർണ്ണം, ഉച്ചാരണക്ഷമമായ ഏറ്റവും ചെറിയ ഭാഷാ ഏകകം അക്ഷരം, സ്ഥാനഭേദമനുസരിച്ച് വർണ്ണത്തിനുണ്ടാകുന്ന ധ്വനിവ്യത്യാസങ്ങൾ ഉപസ്വനങ്ങൾ എന്നിങ്ങനെയാണു് ഈ ഘടകങ്ങളെ തിരിച്ചറിയുന്നതു്. ഇതനുസരിച്ച് സ്വരം തനിയെയോ വ്യഞ്ജനവും സ്വരവും ഒത്തു ചേർന്നോ ആണ് അക്ഷരമുണ്ടാകുന്നത്. മൂലതത്ത്വമായ വർണ്ണം അല്ല, പല വർണങ്ങൾ കലർന്ന് ഉണ്ടാകുന്ന അക്ഷരമാണ് നാം എഴുതുന്നത്. ക്, അ എന്ന രണ്ടു വർണം ചേർന്നുണ്ടായതാണ് 'ക' എന്ന അക്ഷരം. അതുപോലെ സ്, ത്, ര്, ഈ എന്ന നാലു വർണങ്ങൾ ചേരുമ്പോൾ 'സ്ത്രീ' എന്ന അക്ഷരം ലഭിക്കുന്നു. ഈ യുക്തിപ്രകാരം ഉച്ചാരണസൌകര്യം പ്രമാണിച്ച് വർണങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരങ്ങൾക്ക് അടയാളമായി ലിപികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു.[1].

മലയാളം അക്ഷരമാല

[തിരുത്തുക]

മലയാളം അക്ഷരമാലയെക്കുറിച്ച് കേരളപാണിനീയത്തിന്റെ പീഠികയിൽ രാജരാജവർമ്മ ഏറെക്കുറെ ഈ വിധത്തിൽ തന്നെ വിശദമായി എഴുതിയിട്ടുണ്ടു്. സ്വരം ചേരാതെയുള്ള ശുദ്ധമായ, എന്നാൽ തനിയെ ഉച്ചാരണക്ഷമമല്ലാത്ത (ഉദാ: 'ക്', 'ച്'...) ശബ്ദഘടകത്തെ അദ്ദേഹം വർണ്ണം എന്നുതന്നെ വിളിച്ചിരിക്കുന്നു. ഇവയെ ഉച്ചരിക്കാനോ എഴുതുവാനോ ഉള്ള സൗകര്യത്തിനു് ഒരു പൊതുസ്വരം (ഉദാ: 'അ') ചേർത്ത് ഒന്നോ അതിലധികമോ വ്യഞ്ജനങ്ങളും (ഉദാ: 'ക്'+'സ്'+'അ' = 'ക്സ') പ്രത്യേകമായി ഒന്നും ചേർക്കാതെത്തന്നെ സ്വരങ്ങളും (ഉദാ: 'ഇ') രൂപപ്പെടുന്നു. ഇവയെയാണു് അദ്ദേഹം അക്ഷരങ്ങൾ എന്നു വിളിക്കുന്നതു്. എന്നാൽ ഇവയിൽ ഏറ്റവും അവശ്യമായി വരുന്ന (കൂട്ടക്ഷരങ്ങൾ ഉൾപ്പെടാത്ത) മൂലക അക്ഷരരൂപങ്ങളെ ഒരുമിച്ചുകൂട്ടിയ ശേഖരമാണു് അക്ഷരമാല. അക്ഷരങ്ങളെ എഴുതുവാനുപയോഗിക്കുന്ന ചിഹ്നങ്ങൾ ലിപികൾ[1].

ഇംഗ്ലീഷ് ലിപിമാല ഒരു വർണ്ണമാലയായി കണക്കാക്കുമ്പോൾ മലയാളം പോലുള്ള ഇന്ത്യൻ ഭാഷകളിൽ ലിപിമാല തന്നെയാണു് അക്ഷരമാലയും. (മലയാളത്തിൽ ചില്ലുകളെ സ്വയം ഉച്ചാരണക്ഷമമായ അർദ്ധാക്ഷരങ്ങളായി കണക്കാക്കുന്നു). അതുകൊണ്ട് സ്പെല്ലിംഗ് (spelling) എന്ന വർണ്ണനിയമക്ലേശം നമ്മുടെ ഭാഷകളിൽ പ്രായേണ ഇല്ലെന്നു പറയാം[1].

കൂട്ടക്ഷരങ്ങൾ

[തിരുത്തുക]

ലിപിയിൽ സ്വരാംശത്തിനു് പ്രാധാന്യം ഇല്ലാത്തതുകൊണ്ടു് ഒരു ഒറ്റവ്യഞ്ജനത്തിൽ സ്വരം ചേർന്നാൽ അതിനെ കൂട്ടക്ഷരം എന്നു പറയാറില്ല. ഒന്നിലധികം വ്യഞ്ജനങ്ങൾ ഒരുമിച്ചുവന്നു് അവയ്ക്കു സഹായകമായി ഒരു സ്വരവും കൂടി ചേർന്നുവന്നാലാണു് ആ യോഗത്തിനെ കൂട്ടക്ഷരമായി കണക്കാക്കുന്നതു്. (ഉദാ: 'ക്'+'ഇ' = 'കി' - അക്ഷരം; 'ക്' +'ള്'+'ഇ' = 'ക്ലി'- കൂട്ടക്ഷരം)[1].

പഴയ ലിപിയും പുതിയ ലിപിയും

[തിരുത്തുക]

കൂട്ടക്ഷരങ്ങൾക്കു് ഓരോന്നിനും തനതായ ലിപിരൂപങ്ങൾ ഉപയോഗിക്കുന്ന ശീലമായിരുന്നു 'തുളുമലയാളം' എന്നു കൂടി അറിയപ്പെട്ടിരുന്ന, തുഞ്ചത്ത് എഴുത്തച്ഛൻ നടപ്പിലാക്കിയ പരമ്പരാഗതമായ മലയാളലിപിമാലയിൽ ഉണ്ടായിരുന്നതു്. ഇതിനെ ഇപ്പോൾ തനതുലിപി അല്ലെങ്കിൽ പഴയ ലിപി എന്നു വിളിക്കുന്നു. എന്നാൽ 1960-70 കളിൽ ഭാഷയിൽ കൊണ്ടുവരാൻ ശ്രമിച്ച ലിപിപരിഷ്കരണശ്രമങ്ങളുടെ ഭാഗമായി മറ്റൊരു ലിപിസമ്പ്രദായം കൂടി മലയാളത്തിൽ പ്രത്യക്ഷമായി. ഇതാണു് പുതിയ ലിപി എന്നറിയപ്പെടുന്നതു്. അച്ചടിയിലും കമ്പ്യൂട്ടറുകളിലും മറ്റും ഇപ്പോൾ രണ്ടു തരത്തിലുമുള്ള ലിപിപ്രയോഗങ്ങൾ സാദ്ധ്യമാണു്.

അക്ഷരത്തിന്റെ അർത്ഥങ്ങൾ

[തിരുത്തുക]

അക്ഷരം എന്ന പദത്തിനു് നഷ്ടമാകാത്തത് അല്ലെങ്കിൽ 'അനശ്വരം' എന്നാണു് അർത്ഥം.(ന ക്ഷാരതി ഇതി അക്ഷരം). വിശ്ളേഷണവിധേയമാകാത്ത വാഗംശം (വാക്കുകൾക്കുള്ളിലെ, ഇനിയും വേർതിരിക്കാനാവാത്ത തരത്തിലുള്ള ഘടകങ്ങൾ) എന്ന അർത്ഥത്തിലാണു് ഭാഷാശാസ്ത്രവിഷയത്തിൽ ഈ പദം വന്നുചേർന്നതു്. ഋഗ്വേദം, ഐതരേയാരണ്യകം, വാജസനേയി, അഥർവം എന്നീ പ്രാതിശാഖ്യങ്ങളിലും മനുസ്മൃതിയിലും അക്ഷരത്തിന് ഇത്തരത്തിലുള്ള നിർവചനം നൽകിയിട്ടുണ്ട്.

സ്വരങ്ങളുടെ സമാനാർഥത്തിൽതന്നെ അക്ഷരശബ്ദം പ്രാചീന ഭാരതത്തിൽ പ്രയോഗിച്ചിരുന്നതായി തെളിവുകൾ ഉണ്ട്. വേദങ്ങളിൽ (ഋഗ്വേദപ്രാതിശാഖ്യം, തൈത്തിരീയപ്രാതിശാഖ്യം, ചാതുരാഖ്യായിക) ഈ വസ്തുതയുടെ പരാമർശം കാണുന്നുണ്ട്; പില്ക്കാലത്ത് ഈ രീതിക്ക് മാറ്റമുണ്ടായി. പാണിനിയുടേയും പതഞ്ജലി, കാത്യായനൻ തുടങ്ങിയ സംസ്കൃതഭാഷാശാസ്ത്രജ്ഞന്മാരുടേയും കൃതികളിൽ അക്ഷരം എന്ന സങ്കൽപ്പത്തെ വിശദമായി അപഗ്രഥിക്കുന്നുണ്ടു്. ജഗന്നാഥപണ്ഡിതന്റെ ഭാമിനീവിലാസത്തിലെത്തുമ്പോഴേക്കും അക്ഷരത്തിനും വർണത്തിനും തമ്മിലുള്ള അന്തരം സ്പഷ്ടമായിക്കഴിഞ്ഞിരുന്നതായിക്കാണാം.

വിവിധ സന്ദർഭങ്ങളിൽ 'അക്ഷരം' എന്ന പദം താഴെ പറയുന്ന അർത്ഥങ്ങളിൽ പ്രയോഗിച്ചുപോന്നിരുന്നു.

  1. വർണം അഥവാ ധ്വനിചിഹ്നം. ഉദാഹരണത്തിന് താങ്കളുടെ അക്ഷരം നന്നായിരിക്കുന്നു എന്നതിൽ അക്ഷരം വർണം അഥവാ ധ്വനി എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.
  2. സ്വരം. ഉദാ. അ, ആ. ചില പ്രാതിശാഖ്യങ്ങളിൽ ഈ അർത്ഥത്തിലുള്ള പ്രയോഗം ലഭിക്കുന്നു. ഈ അർത്ഥത്തെ ആധാരമാക്കി മൂലസ്വരങ്ങളെ സമാനാക്ഷരങ്ങളെന്നും സംയുക്തസ്വരങ്ങളെ സന്ധ്യക്ഷരങ്ങളെന്നും സംസ്കൃത വൈയാകരണൻമാർ വക തിരിച്ചിരിക്കുന്നു.
  3. സ്വരവ്യഞ്ജനങ്ങളുടെ സംയുക്തരൂപം. ഉദാ. ക (ക് + അ); പാ(പ് + ആ). അക്ഷരങ്ങൾ എന്നു പറയപ്പെടുന്ന ക, ച, ട, ത, പ തുടങ്ങിയവ യഥാർഥത്തിൽ സ്വരവ്യഞ്ജനങ്ങളുടെ മിശ്രരൂപം മാത്രമാണ്.

ഭാഷാശാസ്ത്രത്തിന്റെ വികാസത്തോടെ അക്ഷരം 'സിലബിൾ' (syllable) എന്ന അർത്ഥത്തിൽ പ്രചരിച്ചു തുടങ്ങി.

അക്ഷരസ്വരൂപം

[തിരുത്തുക]

ഏതെങ്കിലും പദമോ വാക്യാംശമോ ഉച്ചരിക്കുമ്പോൾ അവയിൽ ചില ധ്വനികൾ (phonemes) പ്രധാനങ്ങളായും മറ്റുള്ളവ അപ്രധാനങ്ങളായും നില്ക്കുന്നതു കാണാം. 'വ്യായാമം', 'അന്ധകാരം' എന്നീ പദങ്ങളിൽ 'ആ' ധ്വനി മറ്റുള്ളവയെ അപേക്ഷിച്ച് മുഖ്യമാണെന്നു മാത്രമല്ല, മുഖരിതവുമാണ്. അക്ഷരങ്ങൾക്കു ആധാരശിലകളായി നിലകൊള്ളുന്ന ഈ മുഖരധ്വനികളെ 'ആക്ഷരികം' അഥവാ 'സിലബിക്' (syllabic) എന്നു പറയുന്നു. ഈ ആക്ഷരികധ്വനി കൂടാതെ ഒരക്ഷരവും രൂപംകൊള്ളുകയില്ല.

'നാമം' (ന് + ആ + മ് + അം) എന്ന പദത്തിലെ 'ആ' പ്രധാന മുഖരിതധ്വനിയാണ്; 'അം' അപ്രധാന ധ്വനിയും. പക്ഷേ രണ്ടു തരത്തിലുള്ള ധ്വനികളുടെയും മേളനംകൊണ്ടു മാത്രമേ അക്ഷരത്തിന്റെ സ്വരൂപം പൂർണമാകുന്നുള്ളു. ഇതിൽ അപ്രധാനമായ ധ്വനിയെ 'അനാക്ഷരികം' (non-syllabic) എന്നു വിളിക്കുന്നു. ഈ പദത്തെ തരംഗഭാവത്തിൽ അടയാളപ്പെടുത്താം.

ഇതിൽ 'ആ' പ്രമുഖധ്വനിയാകയാൽ ശീർഷസ്ഥാനത്ത് നില്ക്കുന്നു. ഭാഷാശാസ്ത്രജ്ഞൻമാർ ഇതിനെ 'പീക്ക്' (peak) എന്നു വിളിക്കുന്നു. മറ്റുള്ളവ സമതലങ്ങളിലാകയാൽ 'സ്ളോപ്' (slope) എന്ന വിഭാഗത്തിൽപ്പെടുന്നു. സാധാരണയായി ശീർഷധ്വനി എപ്പോഴും സ്വരധ്വനി തന്നെയാണ്.

വിഭിന്ന സിദ്ധാന്തങ്ങൾ

[തിരുത്തുക]

പത്തൊൻപതാം ശതകത്തിന്റെ ആരംഭം മുതൽ തന്നെ അക്ഷരത്തിന്റെ വിവിധ ഭാവങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പല ഭാഷാപണ്ഡിതൻമാരും നടത്തിയതായിക്കാണുന്നു. അവയിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രമുഖ സിദ്ധാന്തങ്ങൾ താഴെ കൊടുക്കുന്നു:

(i) ഒരു പദത്തിൽ എത്ര സ്വരങ്ങളുണ്ടായിരിക്കുമോ അത്രയും അക്ഷരങ്ങളും ഉണ്ടായിരിക്കും.

പല ഭാരതീയ ഭാഷകളെയും സംബന്ധിച്ചിടത്തോളം ഈ സിദ്ധാന്തം ഒരു ഘട്ടംവരെ ശരിയാണ്. എന്നാൽ വ്യത്യസ്തമായ പദങ്ങളും കാണാൻ കഴിയും. ഇംഗ്ളീഷിലെ സംയുക്ത സ്വരങ്ങളായ (Diphthong) 'ai' 'au' എന്നിവയിൽ രണ്ടു സ്വരങ്ങൾ ഉള്ളതുനിമിത്തം മുകളിൽപ്പറഞ്ഞ സിദ്ധാന്തമനുസരിച്ച് രണ്ടക്ഷരങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. പക്ഷേ ഇവയിലെ 'മ' ആക്ഷരികവും (syllabic) ശ, ൌ എന്നിവ അനാക്ഷരികവും (non-syllabic) അഥവാ വ്യഞ്ജനാത്മകവും ആണ്. ആഫ്രിക്കയിലെ പല ഭാഷകളും സ്വരശൂന്യങ്ങളാണ്. അതുകൊണ്ട് ഈ സിദ്ധാന്തം പൂർണ രൂപത്തിൽ സ്വീകാര്യമല്ലാതാകുന്നു.

(ii) അക്ഷരം 'ഒരു ചലനാത്മക-ഏകകം' (Motor unit) ആകുന്നു എന്നതാണ് മറ്റൊരു സിദ്ധാന്തം. ഉച്ചാരണാവയവങ്ങളിൽനിന്നു നിസൃതമാകുന്ന വായുഗതിക്കനുസൃതമായി ശബ്ദവും ചലിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ചലനം വ്യവസ്ഥിതവും ലിപിബദ്ധവുമാകുമ്പോൾ അക്ഷരമായി മാറുന്നു.

ഉച്ചാരണാവയവങ്ങളുടെ ചലനത്തിനനുസൃതമായാണ് അക്ഷരങ്ങൾ രൂപം കൊള്ളുന്നതെന്ന് ഫൂചേ എന്ന ഫ്രഞ്ചു ഭാഷാശാസ്ത്രജ്ഞൻ വാദിക്കുന്നു. അക്ഷരത്തിന്റെ ഹ്രസ്വദീർഘസ്വഭാവം ഈ ചലനത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഈ സിദ്ധാന്തത്തിന് ആധുനികകാലത്ത് പൂർണമായ അംഗീകാരം ലഭിച്ചിട്ടില്ല.

പ്രാചീനത

[തിരുത്തുക]

ലോകത്തൊട്ടാകെ നാലായിരത്തോളം ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ടെങ്കിലും ഇവയിൽ പകുതിയിലധികം ഭാഷകൾക്കും സ്വന്തമായ ലിപിവ്യവസ്ഥയില്ല. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന അക്ഷരങ്ങൾ ഉടലെടുത്തിട്ടുള്ളത്. ഈ വികാസപ്രക്രിയയ്ക്ക് 3,500 വർഷത്തെ പഴക്കമുണ്ടെന്ന് ലിപിവിദഗ്ദ്ധൻമാർ അഭ്യൂഹിക്കുന്നു. ബി.സി. ഇരുപതാം ശതകത്തിലെഴുതപ്പെട്ടവയെന്ന് കരുതപ്പെടുന്ന ഏതാനും ഗ്രീക്ക് ശാസനങ്ങൾ പൈലോസ്, മെസീനേ, ക്രീറ്റ് എന്നീ സ്ഥലങ്ങളിൽനിന്നുകണ്ടുകിട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ ലിപി ചിഹ്നങ്ങൾ കണ്ടെത്തുന്നത് ഈ ശാസനങ്ങളിലാണെന്ന് ലിപി ശാസ്ത്രജ്ഞൻമാർ കരുതിപ്പോരുന്നു. ബി.സി. പതിനഞ്ചാം ശതകത്തിലെ ലിഖിതമാതൃകയെ പ്രതിനിധാനം ചെയ്യുന്ന ക്യൂണിഫോം ലിപികളും അക്ഷരങ്ങളുടെ പ്രാചീന ചരിത്രശകലങ്ങൾ തന്നെയാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 എ.ആർ. രാജരാജവർമ്മ (21) [1 ജൂലൈ 1917]. ഡോ. സ്കറിയ സഖറിയ (ed.). കേരളപാണിനീയം (ശതാബ്ദിപ്പതിപ്പ്). അച്ചടി: ഡി.സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (86/97-98 S.No. 3018 dcb 1752 WC. 16-(2)3000-24-0897)(കേരളപാണിനീയത്തിന്റെ 1917-ലെ പരിഷ്കരിച്ച രണ്ടാം പതിപ്പ് ഡോ. സ്കറിയാ സഖറിയ സംശോധിച്ച് അടിക്കുറിപ്പുകളും അനുബന്ധങ്ങളും സഹിതം മൂലഗ്രന്ഥത്തിന്റെ ശതാബ്ദിവർഷത്തിൽ പുന:പ്രസിദ്ധീകരിച്ചതു്.) ((ഡി.സി. ബുൿസ് ഒന്നാം പതിപ്പ്) ed.). കോട്ടയം: ഡി.സി. ബുൿസ്, കോട്ടയം. p. 335. {{cite book}}: Check date values in: |date= and |year= / |date= mismatch (help); Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=അക്ഷരം&oldid=4123007" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: http://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%82

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy