Content-Length: 145182 | pFad | http://ml.wikipedia.org/wiki/%E0%B4%86%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A4

ആർദ്രത - വിക്കിപീഡിയ Jump to content

ആർദ്രത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈഗ്രോമീറ്റർ

ഭൗമാന്തരീക്ഷത്തിലെ നീരാവിയുടെ അഥവാ ഈർപ്പത്തിന്റെ അളവാണ്‌ ആർദ്രത (ഇംഗ്ലീഷ്: humidity). സൈക്രോമീറ്റർ അഥവാ ഹൈഗ്രോമീറ്റർ ഉപയോഗിച്ചാണ്‌ ആർദ്രത അളക്കുന്നത്.

ആപേക്ഷിക ആർദ്രത

[തിരുത്തുക]

ആർദ്രതയെ വിശേഷിപ്പിക്കുവാൻ കാലാവസ്ഥാ പ്രവചനങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ഏകകം ആപേക്ഷിക ആർദ്രത (En: relative humidity) എന്നതാണ്. ഒരു പ്രത്യേക താപനിലയിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാനാവുന്ന നീരാവിയുടെ അളവ് ശതമാന രീതിയിൽ വിവക്ഷിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

ആപേക്ഷിക ആർദ്രത എന്നത്‌ അന്തരീക്ഷവായുവിലെ ആകെ ആർദ്രതയുടെ അളവാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. അന്തരീക്ഷവായുവിന്‌ ഉൾക്കൊള്ളാൻ പറ്റുന്ന നീരാവിയുടെ അളവ്‌ ഓരോ താപനിലയിലും വ്യത്യസ്തമാണ്‌. വായുവിന്റെ താപനില കൂടുംതോറും നീരാവിയെ ഉൾക്കൊള്ളാനുള്ള കഴിവും വർദ്ധിക്കുന്നു.

ഉദാഹരണത്തിന്‌, 17.5 ഡിഗ്രി സെൽഷ്യസിൽ ഒരു ഘനമീറ്റർ (cubic metre) അന്തരീക്ഷവായുവിന്‌ ഉൾക്കൊള്ളാൻ സാധിക്കുന്ന നീരാവിയുടെ അളവ്‌ 15 ഗ്രാം ആണ്‌. 25 ഡിഗ്രി സെൽഷ്യസിൽ ഇത്‌ 23 ഗ്രാമും, 30 ഡിഗ്രി സെൽഷ്യസിൽ ഇത്‌ 30 ഗ്രാമും ആയി വർദ്ധിക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക താപനിലയിൽ, വായുവിന്‌ ഉൾക്കൊള്ളാൻ സാധിക്കുന്ന പരമാവധി നീരാവിയുടെ അളവിനെ കേവല ആർദ്രത (absolute humidity) എന്നു വിളിക്കുന്നു. കേവല ആർദ്രതയിൽ എത്തിനിൽക്കുന്ന വായുവിന്റെ ആർദ്രത നൂറുശതമാനം ആയിരിക്കും. ഇങ്ങനെ 100% ആർദ്രതയെത്തുന്ന സാഹചര്യങ്ങൾ സാധാരണ ദിവസങ്ങളിൽ തുലോം കുറവാണ്‌. അതുകൊണ്ട്‌, കാലാവസ്ഥയിൽ അന്തരീക്ഷ ആർദ്രതയെപ്പറ്റി പറയുമ്പോൾ, ആ ദിവസത്തെ അന്തരീക്ഷ താപനിലയിൽ വായുവിന്‌ ഉൾക്കൊള്ളാൻ സാധിക്കുമായിരുന്ന കേവല ആർദ്രതയുടെ (absolute humidity) എത്ര ശതമാനം ആർദ്രതയാണ്‌ ഇപ്പോൾ നിലവിലുള്ളത്‌ എന്നാണ്‌ പറയാറുള്ളത്‌. അതിനെയാണ്‌ ആപേക്ഷിക ആർദ്രത എന്നു വിളിക്കുന്നത്‌.

ആപേക്ഷിക ആർദ്രത
ആപേക്ഷിക ആർദ്രത



ചുരുക്കത്തിൽ

Relative humidity = (measured humidity at a particular temp / absolute humidity at that temp) x 100

മേൽപ്പറഞ്ഞ ഉദാഹരണത്തിൽ നിന്നു നോക്കുകയാണെങ്കിൽ, 15 ഗ്രാം നീരാവി ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്‌ എന്നിരിക്കട്ടെ. ഇപ്പോഴത്തെ താപനില 17.5 ഡിഗ്രി സെൽഷ്യസാണെങ്കിൽ ഇപ്പോഴത്തെ റിലേറ്റീവ്‌ ഹ്യുമിഡിറ്റി 100%. അതേ ആർദ്രതയിൽ (15 g/cub.metre) താപനില 25 ഡിഗ്രിയാണെങ്കിൽ ഇപ്പോഴത്തെ റിലേറ്റീവി ഹ്യുമിഡിറ്റി 65% ഉം താപനില 30 ഡിഗ്രി സെൽഷ്യസാണെങ്കിൽ റിലേറ്റീവി ഹ്യുമിഡിറ്റി 50% ഉം ആണ്‌ എന്നുപറയാം. ചുരുക്കത്തിൽ, 30 ഡിഗ്രിസെൽഷ്യസിലെ 60% റിലേറ്റീവി ഹ്യുമിഡിറ്റിയും 50 ഡിഗ്രിസെൽ‌ഷ്യസിലെ 60% റിലേറ്റീവ് ഹ്യുമിഡിറ്റിയും ഒരേ അളവ് നീരാവിയെ അല്ല പ്രതിനിധീകരിക്കുന്നത്.

അന്തരീക്ഷവായുവിന്റെ താപനില കുറയുന്തോറും അതിലടങ്ങിയിരിക്കുന്ന ഈർപ്പത്തിന്റെ അളവും കുറയും. അതുകൊണ്ടാണ്‌ തണുപ്പുകാലാവസ്ഥയിൽ വായു വരണ്ടതായും നമ്മുടെ ചർമ്മം അതോടൊപ്പം വരളുന്നതായും തോന്നുന്നത്‌. ഫ്രിഡ്ജുകളിലെ വളരെ കുറഞ്ഞ ഊഷ്മാവിൽ ആർദ്രത വളരെ കുറവായിരിക്കും. അതുകൊണ്ട് ഫ്രിഡ്ജുകളിൽ തുറന്നുവച്ചിരിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവയിൽ നിന്നും വളരെ വേഗത്തിൽ‍ ജലാംശം ഫ്രിഡ്ജിലെ വായുവിലേക്ക് മാറ്റപ്പെടും. അതിനാലാണ് ദിവസങ്ങൾക്കുള്ളിൽതന്നെ അവ ചുളിഞ്ഞുണങ്ങി പോകുന്നത്.. അതിനാൽ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ഫ്രിഡ്ജുകളിൽ വയ്ക്കുന്നതിനു മുമ്പ് പ്ലാസ്റ്റിക് ബാഗുകളിലാക്കി വയ്ക്കേണ്ടതാണ്.

ബാഷ്പീകരണം

[തിരുത്തുക]

ജലം നീരാവിയായി മാറുന്നതിന്റെ (ബാഷ്പീകരണം) വേഗത, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ആപേക്ഷിക ആർദ്രത കൂടിയിരിക്കുന്ന അവസരങ്ങളിൽ ബാഷ്പീകരണത്തിന്റെ തോതും കുറവായിരിക്കും. അതുകൊണ്ടാണ്‌ ആർദ്രത കൂടിയിരിക്കുന്ന ദിവസങ്ങളിൽ അലക്കിയ തുണികൾ ഉണങ്ങാൻ വളരെയേറെ സമയം എടുക്കുന്നത്‌. മഴക്കാലത്ത്‌ തുണികൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നതിന്റെ പിന്നിലെ കാരണവും വായുവിലെ ഈ ഉയർന്ന ആർദ്രത തന്നെ.

വിയർപ്പ്

[തിരുത്തുക]

മനുഷ്യരിൽ ശരീര താപനില നിയന്ത്രിക്കുന്നതിൽ പ്രധാനപങ്ക്‌ വഹിക്കുന്ന ഒരു പ്രക്രിയയാണല്ലോ വിയർപ്പ്‌ എന്നത്‌. അന്തരീക്ഷത്തിൽ ആപേക്ഷിക ആർദ്രത കൂടിയിരിക്കുന്ന ദിവസങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിയർപ്പ്‌ അന്തരീക്ഷത്തിലേക്ക്‌ ആവിയായി മാറുന്നതിന്‌ താമസം നേരിടുന്നു. അപ്പോൾ നാം "വിയർത്തൊഴുകുന്നു". അതുകൊണ്ടാണ്‌ താരതമ്യേന എല്ലാ സീസണിലും ഹ്യുമിഡിറ്റി കൂടുതലായികാണപ്പെടുന്ന കേരളത്തിൽ വിയർത്തൊഴുകലും, പുഴുകലും സാധാരണമായിരിക്കുന്നത്‌. എന്നാൽ സാധാരണ ദിവസങ്ങളിൽ അന്തരീക്ഷ ആർദ്രത വളരെ കുറഞ്ഞിരിക്കുന്ന ഗൾഫ്‌ നാടുകളിലും, കടലിൽനിന്നും അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലും, ഹരിതാഭകുറഞ്ഞ പ്രദേശങ്ങളിലും, വിയർത്തൊഴുകുന്നില്ല എന്നാണ് നമുക്കു തോന്നുന്നത്‌. ഈ അവരസരത്തിലും വിയർപ്പ്‌ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്‌, എന്നാൽ അത്‌ അതേ തോതിൽത്തന്നെ അന്തരീക്ഷത്തിലേക്ക്‌ ആവിയായിപ്പോകുന്നതിനാൽ നാം അറിയുന്നില്ല എന്നുമാത്രം.

ഡ്യൂ പോയിന്റ്

[തിരുത്തുക]

അന്തരിക്ഷവായുവിലെ ജലബാഷ്പം ഘനീഭവിക്കുന്ന താപനിലയെ ഡ്യൂ പോയിന്റ് (dew point) എന്നു പറയുന്നു. അന്തരീക്ഷ താപനിലയും, ആർദ്രതയും ഡ്യൂപോയിന്റും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഡ്യൂപോയിന്റ് അന്തരീക്ഷതാപനിലയ്ക്കു സമമാകുന്ന അവസ്ഥയിൽ ഹ്യുമിഡിറ്റി 100% ആയിരിക്കും. ഡ്യൂ പോയിന്റിനേക്കാൾ താഴെ താപനിലയുള്ള ഒരു വസ്തുവിന്റെ പ്രതലത്തിലേക്ക് അന്തരീക്ഷവായുവിലെ ബാഷ്പം ഘനീഭവിച്ച് ജലമായി മാറും. അതുകൊണ്ടാണ് ഫ്രിഡ്ജിൽനിന്നും പുറത്തേക്കെടുക്കുന്ന പാത്രങ്ങളിലും ശീതളപാനീയ കുപ്പികളിലും മറ്റും ജലകണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

തുഷാരം

[തിരുത്തുക]

പുലർകാലങ്ങളിൽ പുൽക്കൊടികളിലും ഇലകളിലും ചെറിയ ജലകങ്ങങ്ങൾ രൂപപ്പെടുന്നതായി കാണാം. ഇതാണ് തുഷാരം. പുലർച്ചയോടടുത്ത സമയങ്ങളിൽ അന്തരീക്ഷവായുവിന്റെ താപനില കുറഞ്ഞുവരും. ഈ അവസരത്തിൽ സ്വാഭാവികമായും, അപ്പോഴത്തെ താപനിലയിൽ വായുവിന് ഉൾക്കൊള്ളാനാവുന്നതിലും അധികമുള്ള ജലബാഷ്പം, ഇലകളിലും പുൽക്കൊടികളിലും മറ്റും ജലകണങ്ങളായി ഘനീഭവിക്കപ്പെടുന്നു. ഇങ്ങനെയാണ് തുഷാരകണങ്ങൾ രൂപപ്പെടുന്നത്.




"https://ml.wikipedia.org/w/index.php?title=ആർദ്രത&oldid=4013407" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: http://ml.wikipedia.org/wiki/%E0%B4%86%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A4

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy